കൊച്ചി: മുണ്ടംവേലി ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ എന്‍ജിനിയര്‍മാരെ ഉള്‍പ്പെടുത്തി ഫ്ലാറ്റ് പരിശോധിക്കും. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
കെട്ടിടത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ മദ്രാസ് ഐഐടി റിപ്പോര്‍ട്ടും പരിശോധനയുടെ ഭാഗമാക്കും. ജിസിഡിഎയും നിര്‍മാണ കമ്പനിയും അടക്കമുള്ള കരാറും പരിശോധിക്കും.
അതേസമയം, ഫ്ലാറ്റ് നിവാസികളുടെ സമരം 70 ദിവസം പിന്നിട്ടിട്ടും പുനരധിവാസത്തെ കുറിച്ച് തീരുമാനമായില്ല. 78 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കേണ്ടത്. എന്നാല്‍ പുനരധിവസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കത്തിലാണ് തദ്ദേശവകുപ്പ്.
ഇതിനിടെ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ ഏജന്‍സിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത് ലൈഫ് മിഷന്റെ സ്ഥിരീകരണം ഇല്ലാതെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. മുന്‍ ചെയര്മാന് വി. സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നല്കാന് ആവശ്യപ്പെടുകയായിരുന്നു.
ഓണ്‍ലൈന്‍ പെയ്മെന്റിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചതെന്ന് വെളിപ്പെടുത്തുന്ന ജിസിഡിഎ നോട്ട് ഷീറ്റിന്റെ പകര്‍പ്പാണ് പുറത്ത് വന്നത്. മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുകാരായ തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അഡ്വാന്‍സ് മൊബിലൈസേഷന്‍ ഫണ്ട് നല്കാന് 2020 സെപ്റ്റംബര്‍ 30നാണ് ടിഡിഎല്‍സിക്ക് 20 ശതമാനം മൊബിലൈസേഷന്‍ ഫണ്ട് നല്കാന് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്.